ഗുവഹാട്ടി: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അസം സംസ്ഥാനങ്ങളിലെ വിവിധ ഭദ്രാസനങ്ങൾ സംയുക്തമായി സമാഹരിച്ച അഞ്ച് ലക്ഷം രൂപ അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ അസം മുഖ്യമന്ത്രി സ ർബാനന്ദ സോനോവാളിന് ഭദ്രാസനാധിപൻ ബിഷപ്പ് ജസ്റ്റിൻ മോർ തോമസ് എപ്പിസ്ക്കോപ്പ സഹായം കൈമാറി.
വികാരി ജനറൽമാരായ ഫാദർ ഷിബു ജോൺ, ഫാദർ എൻ.കുമ്പാ, ഫാദർ അജയ് ടുൽസിയാ ഗുവാഹാട്ടി ഭദ്രാസനം അഡ്മിനിസ്ട്രേറ്റർ ഡീക്കൻ ആദം ജാച്ചി, ഫാദർ ജെ.പി.സിക്കിയ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ദുരിതങ്ങളുടെയും പ്രളയക്കെടുതിയുടെയും മദ്ധ്യേ അവയെല്ലാം അവഗണിച്ച് സഹാനുഭൂതി കാണിച്ച അസം ഭദ്രാസനാധിപൻ ബിഷപ്പ് ജസ്റ്റിൻ മോർ തോമസ് എപ്പിസ്ക്കോപ്പയെയും സഹപ്രവർത്തകരെയും സഭാ പരമാധ്യഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അഭിനന്ദിച്ചു.
അസമിലെ 33 ജില്ലകളിൽ 30ലും പ്രളയമുണ്ടായി.15 പേർ മരിച്ചു. കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമായ കാസിരംഗ ദേശീയോദ്യാനം, പൊബിത്തോറ വന്യമൃഗസങ്കേതം, മനാസ് ദേശീയോദ്യാനം എന്നിവ വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ അസമിലെ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് സംസ്ഥാനത്തെ പ്രളയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 7000ത്തിലധികം ആളുകളെ വിവിധ മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പലയിടങ്ങളിലും റോഡ്, റെയിൽവേ ഗതാഗതം താറുമാറായി. 13,267 ഹെക്ടര്‍ കൃഷി സ്ഥലം നശിച്ചതായും എട്ട് ലക്ഷത്തോളം പേരെ മഴ വിവിധ രീതികളില്‍ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.