അസം:അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.അന്തിമ പൗരത്വ റജിസ്റ്ററിലും തെറ്റുകള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് എന്‍ആര്‍സിയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അസമില്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ റജിസ്റ്റര്‍ . ഒരു വര്‍ഷം മുന്‍പ് കേന്ദ്രം പുറത്തിറക്കിയപ്പോള്‍ തന്നെ 41 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടത്.എന്നാല്‍ പട്ടികയില്‍ പേരില്ലാത്തവരെ ഉടന്‍ നാടുകടത്തില്ലെന്നും ഇവര്‍ക്ക് പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ട്രൈബ്യൂണലിന്റെ വിധി എതിരായാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാം.
പൗരത്വ രജിസ്റ്റര്‍ പട്ടിക പുറത്തിറക്കിയ പശ്ചാത്തലത്തില്‍ അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പൗരത്വ രജിസ്റ്ററില്‍ പേരില്ലെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് അറുപതുകാരി ആത്മഹത്യ ചെയ്തതതായി റിപ്പോര്‍ട്ടുകളുണ്ട്. പൗരത്വരജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റ പേരില്‍ 33 പേര്‍ ഇതിനകം ആത്മഹത്യചെയ്തിട്ടുണ്ട്.