കണ്ണൂര്‍:ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ സര്‍ക്കാരിന്റെ വഴിവിട്ട സഹായം കൊണ്ട് എപ്പോഴും ജയിലിനു പുറത്താണെന്ന ആരോപണം നിലനില്‍ക്കെ പരോളിലിറങ്ങി ആഘോഷിക്കുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു.ടിപി കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതി മുഹമ്മദ് ഷാഫി ഒരു ചടങ്ങില്‍ യുവതികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നു.അസുഖബാധിതനെന്ന് പറഞ്ഞാണ് മുഹമ്മദ് ഷാഫി 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്.
പാര്‍ട്ടി പരിപാടികളില്‍ ഇയാള്‍ പങ്കെടുക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഷാഫിക്കൊപ്പം ടിപി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോള്‍ അനുവദിച്ചിരുന്നു.പുറത്തിറങ്ങിയ കൊടി സുനി വീണ്ടും കേസില്‍ പ്രതിയായി അകത്താവുകയായിരുന്നു.
രണ്ടാംപ്രതിയായ കിര്‍മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ യുവതി തന്റെ ഭാര്യയാണെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും കാണിച്ച് പ്രവാസി മലയാളി കിര്‍മ്മാണി മനോജിനെതിരെ പരാതി നല്‍കി.കിര്‍മ്മാണി മനോജിനും 45 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിട്ടുണ്ട്.