ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ എത്തുകയാണ്. ഇതിന്റെ ആദ്യഘട്ട ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്ന് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വിനയന്‍ അറിയിച്ചു. അന്ന് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ രമ്യകൃഷ്ണന്‍, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു. കൂടാതെ ശ്രീനാഥ് ഭാസി, വിഷ്ണുവിനയ്, വിഷ്ണുഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, തെസ്‌നിഖാന്‍, ശരണ്യ, കനകലത, നിഹാരിക തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 1999-ല്‍ വിനയന്‍ സംവിധാനം ചെയ്ത്, ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. ദിവ്യ ഉണ്ണി, റിയാസ്, മുകേഷ്, മയൂരി രാജന്‍ പി ദേവ്, കല്‍പ്പന, സുകുമാരി, കൊച്ചിന്‍ ഹനീഫ, മധുപാല്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. അന്ന് ആ സിനിമയില്‍ അഭിനയിച്ച പലരും ഇന്ന് മണ്‍പറഞ്ഞുപോയിരിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിങ്ങ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വച്ചെടുത്ത ഒരു ചിത്രവും അദ്ദേഹം പ്രേക്ഷകര്‍ക്കായി പങ്കുവച്ചു. ഈ വരുന്ന ഓണത്തിന് ചിത്രം റിലീസ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.