തിരുവനന്തപുരം:ആകാശവാണിയിലെ വാര്‍ത്താ അവതാരകനും മലയാള വിഭാഗം മുന്‍ മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു.ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഗോപന്‍ എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം വാര്‍ത്തകള്‍ അവതരിപ്പിച്ചിരുന്നത്.
‘ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്’എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ ശബ്ദത്തിന്റെ ഉടമയെന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ഗോപനെ പെട്ടെന്ന് തിരിച്ചറിയാനാവും. ഇരുപത്തിയൊന്നാമത്തെ വയസില്‍ ദില്ലി ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. നെഹ്‌റുവിന്റെ മരണം, ഇന്ദിരാഗാന്ധിയുടെ മരണം,രാജീവ് ഗാന്ധിയുടെ മരണം ,ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയ വാര്‍ത്തകള്‍ ആകാശവാണിയിലൂടെ രാജ്യം അറിഞ്ഞത് ഗോപന്റെ ശബ്ദത്തിലാണ്. തിരുവനന്തപുരം റോസ്‌കോട്ട് കുടുംബാംഗമാണ്. ഭാര്യ:രാധ,മകന്‍:പ്രമോദ്