തിരുവനന്തപുരം: ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി നൊബേല്‍ സമ്മാനം നേടണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് റസൂല്‍ പൂക്കുട്ടി.എന്നാല്‍ നൊബേലിനു പകരം ശബ്ദമിശണത്തിനുള്ള ഓസ്‌കാറാണ് ലഭിച്ചതെന്നും രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ഒരു ഊര്‍ജ്ജതന്ത്രജ്ഞനായി സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം വിശദീകരിച്ചു.ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്.ഡിജിറ്റല്‍ സാങ്കേതികവിദ്യ ശബ്ദമിശ്രണത്തെ ലളിതമാക്കി.രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിങ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നതെന്നും അതുകൊണ്ട് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ദൃശ്യാവിഷ്‌കാരത്തില്‍ മാത്രം കേന്ദ്രികരിച്ചിട്ടുള്ളവര്‍ ശബ്ദത്തിന്റെ പ്രാധാന്യം മനസിലാക്കുന്നില്ലെന്നും ചിത്രീകരണം കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായെന്നാണ് പലരുടെയും ധാരണയെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സംവിധായകന്‍ കെ പി കുമാരന്‍,സഞ്ജു സുരേന്ദ്രന്‍ എന്നിവരും ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു.