തിരുവനന്തപുരം:ആചാരങ്ങള്‍ക്ക് കാലത്തിന് അനുസരിച്ച് മാറ്റം വന്നാല്‍ മൂല്യങ്ങള്‍ നഷ്ടമായിപ്പോകുമെന്ന് മാതാ അമൃതാനന്ദമയി. മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയപ്പഭക്തസംഗമത്തില്‍ സംസാരിച്ചുകൊണ്ട് അമൃതാനന്ദമയി പറഞ്ഞു.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ക്ഷേത്രാരാധനയെക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുമാണ് മിക്ക പ്രശ്‌നത്തിനും കാരണമെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്.സര്‍വവ്യാപിയായ ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ആ വ്യത്യാസമുണ്ട്.
ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.പാരമ്പര്യം അനുസരിച്ചുള്ള ആചാരങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത് ക്ഷേത്രത്തെ ബാധിക്കും. ക്ഷേത്രം മൈനറാണ്.കൊച്ചുകുട്ടിക്ക് അച്ഛനും അമ്മയും അദ്ധ്യാപകരും ആവശ്യമാണെന്നതുപോലെ ക്ഷേത്രത്തിന് തന്ത്രിയുടേയും പൂജാരിയുടേയും വിശ്വാസികളുടേയും സംരക്ഷണം വേണമെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.
വിശ്വാസസംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന അയ്യപ്പഭക്തസംഗമത്തില്‍ സ്ത്രീകള്‍ അടക്കം വന്‍ പങ്കാളിത്തമാണുള്ളത്.കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി സന്യാസിമാരും സാംസ്‌ക്കാരികരംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.