തിരുവനന്തപുരം :മതിയായ കൂടിയാലോചന പാർട്ടിയിൽ നടത്താതെ പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽ ഡി എഫുമായി സംയുക്ത്ത പ്രതിഷേധത്തിൽ അണിനിരന്നതാണ് രമേശ് വരുത്തിയ പിഴവ് .പ്രതിഷേധസൂചകമായി തുടർന്ന് നടന്ന യു ഡി എഫ് യോഗത്തിൽ നിന്നും  കെ പി സി സി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിന്നു . പാർട്ടിയിലും വിദ്യാർത്ഥി യുവജനവിഭാഗങ്ങൾക്കിടയിലും മുല്ലപ്പള്ളിയുടെ വാദങ്ങൾക്കാണ് ഇക്കാര്യത്തിൽ മുൻഗണന. നിരവധി കെ എസ യു ,യൂത്ത്  കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു കൊലപ്പെടുത്തിയ സി പി എമ്മുമായി കൈകോർക്കുന്നതിനെ പ്രവർത്തകർ എതിർക്കുന്നു .  പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ പരിപാടിയിൽ സംസ്ഥാന സർക്കാരിനൊപ്പം ഒരുമിച്ചു  നിന്നതിനെ ആദ്യം തുടർച്ചയായി  ന്യായീകരിച്ചു രംഗത്ത് വന്ന രമേശ് പെട്ടെന്ന് തന്നെ അപകടം മണത്തു .തുടർന്നു നടക്കുന്ന പ്രതിഷേധങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം സഹകരിക്കണ്ട എന്ന് തീരുമാനിച്ചതായി രമേശിന് പറയേണ്ടി വന്നു .കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി യാതൊരു പ്രശ്നവുമില്ല ,പാർട്ടിയുടെ നിലപാട് അധ്യക്ഷൻ പറഞ്ഞത് തന്നെ എന്നും രമേശിന് സമ്മതിക്കേണ്ടി വന്നു .  സംസ്ഥാനസർക്കാരിനെതിരെ ധവളപത്രം ഉണ്ടാക്കിച്ചു  വി ഡി സതീശനെ രമേശ് കൂടെനിർത്തിയിരുന്നു .ദീർഘകാലം സതീശനെ ഒരു രാഷ്ട്രീയ പ്രതിയോഗിയായാണ് രമേശ് ചെന്നിത്തല കണ്ടിരുന്നത് .സതീശനെ കൂട്ടത്തിൽക്കൂട്ടാതെ പറവൂർ എം എൽ എ എന്ന നിലയിൽ ഒറ്റയാനാക്കി നിർത്തിയിരുന്നു .പുതിയ സമവാക്യങ്ങൾ അനുസരിച്ച് രമേശിനെ ന്യായീകരിച്ചു മുല്ലപ്പള്ളിക്കെതിരെ സതീശൻ ശക്തമായി രംഗത്ത് വന്നു . ദേശീയതലത്തിൽ യെച്ചൂരിയും സോണിയയും ഒന്നിച്ചു സമരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് കേരളത്തിൽ സതീശൻ ചെന്നിത്തലയെ ന്യായീകരിച്ചത് .എന്നാൽ പ്രവർത്തകരുടെ വികാരം മനസ്സിലാക്കി   വി എം സുധീരനും കെ മുരളീധരനും മുല്ലപ്പള്ളിയെ പിന്തുണച്ചു  രംഗത്തെത്തിയതോടെ ചെന്നിത്തല നിലപാടിൽ നിന്നും മലക്കം മറിഞ്ഞു . വിവാദവിഷയത്തിൽ രമേശിനൊപ്പം നിന്ന് ഉമ്മൻചാണ്ടിക്കും ചെറുതല്ലാത്ത തട്ടുകിട്ടി .