ഇടുക്കി:ആനമുടി നാഷണല്‍ പാര്ക്കിന് സമീപം പടര്‍ന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം.വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങളും കത്തിനശിച്ചു.സ്വകാര്യ തോട്ടങ്ങളും കത്തി നശിച്ചു.അതേസമയം സമീപത്തെ ആദിവാസി ഊരുകളിലേക്കു തീ പടരുന്നതിനു മുന്‍പ് വനപാലകര്‍ ഇടപെട്ട് തീയണച്ചു.തീ ഇപ്പോഴും ഉള്‍വനങ്ങളിലേക്കു പടരുകയാണ്.മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വട്ടവട പഴത്തോട്ടം ഭാഗങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. മൂന്ന് ദിവസമായി തീ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും
തീ ആനമുടി നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വനമേഖലകളില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നിരുന്നു. കൊടുംചൂടില്‍ വൃക്ഷങ്ങളും പുല്‍മേടുകളും കരിഞ്ഞുണങ്ങിയതിനാല്‍ തീപടരാനുള്ള സാധ്യത കൂടുതലാണ്.