കൊൽക്കത്ത: 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ പോരാട്ടം കടുത്തതാകും എന്ന് തിരിച്ചറിഞ്ഞ മമത പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമാക്കി.നേരത്തെ 34 എംപിമാരുണ്ടായിരുന്ന തൃണമൂലിന് ഇക്കുറി 22 പേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ .
പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ് പ്രശാന്ത് കിഷോറുമായി മമത ധാരണയുണ്ടാക്കിക്കഴിഞ്ഞു. കൊൽക്കത്തയിൽ നടന്ന രണ്ടു മണിക്കൂർ ചർച്ചകൾക്കൊടുവിൽ ധാരണാപത്രം ഒപ്പുവച്ചു.
2014 ൽ നരേന്ദ്രമോഡി, 2015 ൽ നിതീഷ്‌കുമാർ എന്നിവരുടെ വിജയത്തിൽ പ്രശാന്ത് കിഷോർ പങ്കാളിയായി,എന്നാൽ 2017 ൽ കോൺഗ്രസിന് വേണ്ടി ഉത്തർപ്രദേശിൽ രംഗത്തിറങ്ങിയെങ്കിലും വിജയിക്കാനായില്ല .ആ ഇലക്ഷനിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട രാഹുൽ -അഖിലേഷ് കൂട്ടുകെട്ടിന്റെ സൂത്രധാരകനും പ്രശാന്ത് കിഷോർ തന്നെ . ഇത്തവണ ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസിന്റെ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തോടെയാണ് ബംഗാളിൽ പ്രശാന്ത് കിഷോർ പോരിനിറങ്ങുന്നത്.175 അംഗ നിയമസഭയിൽ 150 പേരെ വിജയിപ്പിക്കാൻ ജഗമോഹൻ റെഡ്‌ഡി, പ്രശാന്ത് കിഷോർ കൂട്ടുകെട്ടിനായി .
ബംഗാളിൽ ബി ജെ പി ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് നാളുകൾ ഏറെയായി .രണ്ടു ലോക്‌സഭാ സീറ്റിൽ നിന്നും പതിനെട്ടു സീറ്റിലേക്കുള്ള വളർച്ചയാണ് ബി ജെ പി ബംഗാളിൽ ഇത്തവണ നേടിയത്. മുൻപ് തൃണമൂൽ മുന്നേറ്റത്തിൽ തകർന്നു തരിപ്പണമായ സി പി എം ബംഗാളിൽ നാമാവിശേഷമായി, അവരുടെ അണികൾ കൂട്ടത്തോടെ ബി ജെ പിയിലേക്കു ചുവടുമാറി .പ്രതിപക്ഷവും ഭരണപക്ഷവും ആകാൻ കഴിയാത്ത കോൺഗ്രസ് എന്തിനാണ് ബംഗാളിൽ പ്രവർത്തിക്കുന്നതെന്ന് അവർക്കു പോലും അറിയില്ല.മമതയ്ക്ക് ബദലാകാൻ ബി ജെപിക്കു കഴിയുമോ എന്നത് കാത്തിരുന്നു കാണാം. ഇപ്പോഴേ തിളച്ചു മറിയുന്ന ബംഗാൾ രാഷ്ട്രീയം സമീപഭാവിയിൽ കൂടുതൽ സങ്കീർണ്ണമാകും തീർച്ച .
