കണ്ണൂര്‍: മോഹന്‍ലാലിനോട് ആരാധന മൂത്ത് ‘വില്ലന്‍’ ആദ്യഷോ കാണാന്‍ തീയറ്ററിലെത്തിയ യുവാവ് ആവേശം കൂടി മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്തു കുടുങ്ങി. പുതിയ പടത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതു കണ്ടു വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ അറിയിക്കുകയായിരുന്നു.

മലയോരമേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണു കുടുങ്ങിയത്. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വില്ലന്‍’ പടം ഇന്നായിരുന്നു റിലീസ്. രാവിലെ എട്ടിനു കണ്ണൂര്‍ സവിത തിയറ്ററില്‍ ഫാന്‍സ് ഷോ ഏര്‍പ്പാടാക്കിയിരുന്നു.

നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാന്‍സുകാര്‍ മുന്‍കൂട്ടി വാങ്ങിയാണു പ്രദര്‍ശനമൊരുക്കിയത്. അതിനിടയിലാണു യുവാവ് സ്റ്റണ്ട് രംഗത്തില്‍ ആവേശം മൂത്ത് മൊബൈലില്‍ പകര്‍ത്തിയത്. പടം വിതരണം ചെയ്യുന്ന മാക്‌സ് ലാബിന്റെ പ്രതിനിധി കയ്യോടെ പിടിച്ചു പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

ചെമ്പന്തൊട്ടിയില്‍ നിന്നു പുലര്‍ച്ചെ പുറപ്പെട്ടാണു യുവാവു നഗരത്തിലെത്തിയത്. ആരാധനയും ആവേശവും മൂത്തു ചെയ്തു പോയതാണെന്നും, പടം ചോര്‍ത്താനോ വ്യാജപകര്‍പ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നുമാണു പൊലീസിന്റെ നിഗമനം.