തിരുവനന്തപുരം:ആര്‍എസ് എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്.സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ എല്ലാ അക്രമസംഭവങ്ങള്‍ക്കും ഉത്തരവാദിത്വം ആര്‍എസഎസിനാണെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.വ്യാഴാഴ്ച രാത്രിയോടെ
രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
യുവതീ പ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണ്. അക്രമങ്ങളുടെ മറവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമമുണ്ടായി. യുവതീ പ്രവേശനത്തെ എതിര്‍ത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് മറയാക്കി മാറ്റി. ഹര്‍ത്താലില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ സാധരണജനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.കെഎസ്ആര്‍ടിസി ബസുകളും സര്‍ക്കാര്‍ ഓഫീസുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും നേതാക്കളുടെ വീടുകളും സാധാരണക്കാരുടെ വീടുകളും വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടായി.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.10,024 പേര്‍ ഇത്രയും കേസുകളില്‍ പ്രതികളായുണ്ട്.ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്.മറ്റു സംഘടനകളില്‍ ഉള്‍പ്പെട്ട 831 പേരെ കേസില്‍ ഉള്ളൂ.
തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാര്‍ രംഗത്തിറങ്ങുകയുണ്ടായി. ഇതില്‍ 5 പേര്‍ പ്രമുഖ വനിതാ മാധ്യമ പ്രവര്‍ത്തകരായിരുന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. 28.09.2018 ന് സുപ്രീംകോടതി വിധി വന്നതിനുശേഷം സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ജനുവരി 22 ന് കേള്‍ക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കുമ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം 28.09.2018 ലെ വിധിക്ക് യാതൊരു സ്റ്റേയുമില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്ന കാര്യം സൂചിപ്പിക്കുകയുണ്ടായി.അതുകൊണ്ട് കൂടിയാണ് പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തിയത്.
വിവിധ വിശേഷ സമയങ്ങളില്‍ ശബരിമലയിലും വിവിധ പ്രദേശങ്ങളിലുമായി നടന്ന അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് 2012 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.അതില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10561 പേരാണ്.ഇവരില്‍ സംഘപരിവാര്‍ സംഘടനകളില്‍ പെട്ടവര്‍ 9489 ഉം മറ്റുള്ളവര്‍ 1072 ഉം ആണ്.ഹര്‍ത്താലുമായി ബന്ധപ്പെട്ട് മാത്രം വിവിധ അക്രമ സംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 1137 കേസുകളില്‍ തിരിച്ചറിഞ്ഞ പ്രതികള്‍ 10024 പേരാണ്.ഇവരില്‍ 92 ശതമാനം പേരും സംഘപരിവാര്‍ സംഘടയില്‍പ്പെട്ടവരാണ്. അക്രമങ്ങള്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 17 മാധ്യമപ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു.ഇതുമായി ബന്ധപ്പെട്ട് 7 പോലീസ് സ്റ്റേഷനുകളിലായി 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളുടെയും വിശദാംശങ്ങളടങ്ങിയ സിഡികളും റിപ്പോര്‍ട്ടിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട്. രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉണ്ടായ അക്രമപരമ്പരകളുടെയും വിശദമായ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കൈമാറിയത്. 03.01.2019 ലെ ഹര്‍ത്താല്‍ ദിനത്തില്‍ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയുടേതാണ്. ഇത് സംബന്ധിച്ച കണക്കും ഗവര്‍ണ്ണര്‍ക്ക് കൈമാറിയിട്ടുണ്ട്.