ഇറ്റലി:ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ ബാളിവുഡിലെ താര ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി.ഇറ്റലിയിലെ ലോക് കോമോ റിസോര്‍ട്ടിലെ തടാകത്തിന്റെ തീരത്തുവെച്ച് ഇന്നലെ ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ താലി ചാര്‍ത്തി.ഇന്നലെയും ഇന്നുമായാണ് താര വിവാഹം നടക്കുന്നത്.കൊങ്കിണി ആചാര പ്രകാരമുള്ള വിവാഹമാണ് നടന്നത്.ഇന്ന് സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകള്‍ നടക്കും.
കനത്ത സുരക്ഷയില്‍ നടന്ന വിവാഹച്ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ഫോണിലൂടെ ലഭിച്ച ക്യൂ കാര്‍ഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ വേദിയിലേയ്ക്ക് പ്രവേശിപ്പിച്ചത്.
സ്വിറ്റ്‌സര്‍ലാഡില്‍ നിന്നുള്ള കേക്ക്,പുഷ്പാലങ്കാരം,സംഗീതനിശ എന്നിവ ചടങ്ങുകള്‍ക്ക് മിഴിവേകി.ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത അതിമനോഹരമായ വസ്ത്രങ്ങളാണ് വധൂ വരന്‍മാരുടെ എല്ലാ ചടങ്ങുകള്‍ക്കും ധരിക്കുന്നത്.
ഇറ്റലിയിലെ ഏറ്റവും സുന്ദരമായ ലേക്ക് കോമോ റിസോര്‍ട്ടില്‍ നടന്നത് സ്വപ്‌ന തുല്യമായ വിവാഹം തന്നെയായിരുന്നു.മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹവും നടന്നത് ലേക്‌കോമോ റിസോര്‍ട്ടിലായിരുന്നു.
നവംബര്‍ 21 ന് ബംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും ഡിസംബര്‍ 1 ന് മുംബൈയിലെ ലീല പാലസിലും വന്‍ വിവാഹസല്‍ക്കാരമാണ് ദമ്പതികള്‍ ഒരുക്കിയിരിക്കുന്നത്.