ആലത്തൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനഘട്ടത്തിൽ എത്തിയപ്പോൾ ഇടതുപക്ഷം പ്രതിരോധത്തിലാണ്.. പി കെ ബിജു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന പരാതി, എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെയും കുഞ്ഞാലിക്കുട്ടിയെയും കൂടെചേർത്തു നടത്തിയ ആക്ഷേപ പരാമർശങ്ങളും അതേത്തുടർന്ന് ഉണ്ടായ ക്രിമിനൽ ,വനിതാ കമ്മീഷൻ നിയമ നടപടികൾ തുടർന്നും എൽ ഡി എഫിന് തലവേദന സൃഷ്ടിക്കും .ആ പ്രശ്നം എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കും മുൻപ് പഴയൊരു വിഷയം സി പി എമ്മിനെയും തിരിഞ്ഞു കൊത്തുകയാണ്.2012ൽ സ്വന്തം ഭാര്യ വിജി വിജയനെ ഈഴവ സംവരണതസ്തികയിൽ കേരള സർവ്വകലാശാലയിലെ ബയോ കെമിസ്ട്രി വകുപ്പിൽ അധ്യാപികയായി നിയമിക്കാൻ പി കെ ബിജു ശ്രമിച്ചു.പക്ഷെ ബിജു വിചാരിച്ചതു പോലെ കാര്യം നടന്നില്ല. നിയമനം നൽകാത്തതിന്റെ പേരിൽ ബിജുതന്നെ ലോകസഭ സ്പീക്കർ മുഖേന ചാൻസലർ കൂടിയായ ഗവർണ്ണർക്ക് വി .സി Dr.ജയകൃഷ്ണനെതിരെ പരാതി നൽകുകയും ഫേസ്ബുക്കിലൂടെ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തത് അന്ന് വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ നേടിയ വിഷയമാണ്. NET പരീക്ഷ പാസ്സാകാത്ത ബിജുവിന്റെ സ്വന്തം ഭാര്യയ്ക്കു നിയമനം നിഷേധിച്ചതാണ് സിപിഎം തന്നെ നിയമിച്ച വിസി ചെയ്ത കുറ്റം.M.A.ബേബി മന്ത്രിയായിരിക്കെ കേരളയിൽ നിയമിച്ച വി സിയാണ് ജയകൃഷ്ണൻ. വിവാദത്തിലെ ഏറ്റവും പ്രധാന ഭാഗം ബിജു മന്ത്രിക്കയച്ച ഒരു കത്താണ് .ഇന്റെർവ്യൂവിനെ സംബന്ധിച്ച് തനിക്ക് ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും(വിജിയുടെ) പരാതിയിൽ കഴമ്പുണ്ടെന്നാണ് കത്തിലെ ഉള്ളടക്കം .മന്ത്രി നിയമന വിഷയം അന്വേഷിച്ചു വി സിക്കെതിരെ നടപടി എടുക്കണമെന്നും കത്തിലുണ്ട് .പക്ഷെ പരാതിക്കാരി സ്വന്തം ഭാര്യയാണ് എന്നത് കത്തിൽ ബിജു മനഃപൂർവ്വം മറച്ചുവച്ചു .
ആലത്തൂരിൽ സി പി എമ്മിന്റെ കീഴ്ഘടകങ്ങളിൽ എല്ലാം തന്നെ അണികൾ കടുത്ത അമർഷത്തിലാണ് . വലിയ വായിൽ നേതാക്കൾ ആദർശം പറയുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ ബന്ധുനിയമനവും സ്വാർത്ഥതയും മാത്രമേയുള്ളു എന്നാണു അണികൾക്ക് പരാതി .പാർട്ടിയിൽ പ്രവർത്തിക്കുന്ന ആർക്കെങ്കിലും വേണ്ടിയായിരുന്നു ബിജുവിന്റെ ഈ പരാക്രമങ്ങൾ എങ്കിൽ ക്ഷമിക്കാമായിരിന്നു ഇത് സ്വന്തം ഭാര്യക്കുവേണ്ടി പദവി ദുരുപയോഗം ചെയ്തത് പോരാഞ്ഞിട്ട് പാർട്ടിയെയും ബിജു നാണംകെടുത്തിയതായി ഡി വൈ എഫ് ഐ നേതാക്കൾ ബിജുവിനെ കുറ്റപ്പെടുത്തുന്നു.കോൺഗ്രസ്സാകട്ടെ മാതൃഭൂമി പത്രത്തിൽ ബിജുവിനെതിരെ വന്ന വാർത്തയുടെ കോപ്പിയെടുത്തു മണ്ഡലത്തിലുടനീളം വിതരണം ചെയ്തു .
എൽ ഡി എഫ് സ്ഥാനാർഥി പദവി ദുരുപയോഗം ചെയ്ത് അർഹതയില്ലാത്ത ജോലി ഭാര്യക്ക് നേടിക്കൊടുക്കാൻ ശ്രമിച്ചു എന്നാണു പ്രതിരോധിക്കാൻ കഴിയാത്ത ആരോപണം. ആലത്തൂരിൽ തുടക്കത്തിൽ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോൾ എൽ ഡി എഫിനില്ല .തുടർച്ചയായി വിവാദങ്ങൾ സി പി എമ്മിനെ പിടികൂടുന്നു .പുതിയ വിവാദങ്ങൾ മാത്രമല്ല പഴയതിനു പോലും മറുപടി നൽകാനാകാതെ പി കെ ബിജുവും അദ്ദേഹത്തിന്റെ പാർട്ടിയും വിഷമിക്കുകയാണ് . ഇടതുപക്ഷത്തെ ദോഷകരമായി ബാധിച്ച വിവാദങ്ങൾ ഒതുക്കിത്തീർക്കാൻ സി പി എമ്മിലെ മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്.