ആലപ്പുഴ:ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്ന് അമ്മയുടെ മൊഴി.പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ മരിച്ച ആദിഷയുടെ അമ്മ ആതിരയെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുണ്ടായത്. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ചുവെന്നും ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചെന്നുമാണ് അമ്മയുടെ മൊഴി.എന്നാല്‍ ഇവരുടെ മുന്‍കാല പശ്ചാത്തലം അറിയുന്നതിനാല്‍ തന്നെ പോലീസ് മൊഴി കണക്കിലെടുത്തിട്ടില്ല.ആതിരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലെ വീട്ടില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാതെ കണ്ടെന്നാണ് അമ്മ പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയും തുടര്‍ന്ന് മാതാപിതാക്കളെ നിരിക്ഷിക്കുകയും ചെയ്തിരുന്നു.
ശ്വാസം മുട്ടിയുള്ള മരണമാണെന്ന് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് അമ്മ മൊഴി നല്‍കിയത്.ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവര്‍ മുന്‍പ് ഭര്‍ത്താവിന്റെ അമ്മയെ മര്‍ദിച്ചതിന് ഒരാഴ്ച ജയിലില്‍ കിടന്നിരുന്നു.അക്രമത്തില്‍ പങ്കാളിയായ ഭര്‍ത്താവും ഇപ്പോള്‍ മരിച്ച കുട്ടിയും ഇവര്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞു.
കുട്ടിയെ ആതിര സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും കൊല്ലുമെന്നു പറയുകയും ‘പിശാച് കൊച്ച്’ എന്നും മറ്റും പറയുമായിരുന്നെന്നും കുട്ടിയുടെ മുത്തശ്ശി പറയുന്നു. കുട്ടി കൊല്ലപ്പെട്ടു മുക്കാല്‍ മണിക്കൂറിനുശേഷമാണ് ഇവര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് കുട്ടി മരിച്ചെന്നറിഞ്ഞിട്ടും അമ്മയായ ഇവര്‍ക്ക് പ്രത്യേകിച്ചു ഭാവ വ്യത്യാസമൊന്നുമുണ്ടായില്ലെന്നും ആശുപത്രി ജീവനക്കാരും അയല്‍ക്കാരും പറയുന്നുണ്ട്.