ദില്ലി:കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് സുപ്രീം കോടതി.ജസ്റ്റിസ് മധന്‍ പി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേസിലെ ഏക പ്രതിയായ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ശരി വെച്ചിരുന്നു.ആന്റണിയുടെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയിരുന്നു.വധശിക്ഷയ്ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു.വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.ഇപ്പോള്‍ വധ ശിക്ഷ ഇളവു നല്‍കി ഉത്തരവാകുകയായിരുന്നു.
2001 ജനുവരി ആറിനായിരുന്നു കൂട്ടക്കൊലപാതകം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. മാഞ്ഞൂരാന്‍ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍  കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പണം നല്‍കാന്‍ കൊച്ചുറാണി വിസമ്മതിച്ചതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നാണ് കേസ്.സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ തെളിവു നശിപ്പിക്കുന്നതിനായാണ് കൊലപ്പെടുത്തിയതെന്നും  പോലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തിനുശേഷം സൗദിയിലേക്ക് കടന്ന ആന്റണിയെ വിദേശത്ത് നിന്നും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2006 ലാണ് ഹൈക്കോടതി ആന്റണിക്ക് വധശിക്ഷ വിധിച്ചത്.ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.