തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റ് പടിക്കല്‍ 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് വിജി സമരം അവസാനിപ്പിച്ചത്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിക്ക് ജോലി നല്‍കാമെന്നും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി.സിഎസ്ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തു തീര്‍പ്പുണ്ടായത്. സനലിന്റെ മരണത്തെത്തുടര്‍ന്ന് തനിക്ക് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വിജി സമരം ആരംഭിച്ചത്.
നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനലിനെ തള്ളിയിട്ടുകൊന്നെന്നാണ് കേസ്.സനലിന്റെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങളെല്ലാം മറന്നു.സനലിന്റെ കടബാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.