ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.2401.22 അടിയാണ് ജലനിരപ്പ്.അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നത്.ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്.ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു.ഇതോടെ മൂന്ന് ഷട്ടറുകളില്‍ കൂടി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു.പലയിടത്തും മണ്ണിടിച്ചിലുണ്ടായി.ജില്ലാ കളക്ടര്‍ ചെറുതോണിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു.ഏതു സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.