കോഴിക്കോട്:പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രായമായവര്‍ക്ക് ബോട്ടില്‍ കയറാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി എല്ലാവരുടേയും ഹൃദയത്തിലിടംപിടിച്ച
മല്‍സ്യത്തൊഴിലാളിയായ ജെയ്സലിന് വാഹനനിര്‍മ്മാതാക്കാളായ മഹീന്ദ്ര ഒരു വലിയ സമ്മാനം തന്നെയാണ് നല്‍കിയിരിക്കുന്നത്.മഹീന്ദ്രയുടെ ഏറ്റവും പുതിയ കാറായ മറാസോ പുറത്തിറക്കിയത് ജെയ്സലിന് സമ്മാനമായി നല്‍കിക്കൊണ്ടാണ്.കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് കാറിന്റെ താക്കോല്‍ ജയ്സലിന് കൈമാറി.
മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്സും ചേര്‍ന്നാണ് ജയ്സലിന് കാര്‍ സമ്മാനമായി നല്കാന് തീരുമാനിച്ചത്.ഇറാം ഗ്രൂപ്പ് ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്,മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്,കളക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ഈ കാര്‍ ഉപയോഗിക്കുമെന്നും ജെയ്സല്‍ പറഞ്ഞു.
