തിരുവനന്തപുരം:നിഷ്്കളങ്കമായി ചിരിക്കുന്ന ആ മുഖം ഇനി കാണാനാവില്ല.ശരീരം അഗ്‌നി നാളങ്ങളേറ്റുവാങ്ങിയെങ്കിലും ആ അനശ്വര സംഗീതം എന്നും ജനമനസ്സുകളില്‍ മായാതെ നില്‍ക്കും.പ്രിയപ്പെട്ടവരുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി കേട്ട് ബാല ഭാസ്‌കര്‍ മടങ്ങി.തൈക്കാട് ശാന്തി കവാടത്തില്‍ 11.30 ഓടെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.സ്വവസതിയായ ‘ഹിരണ്‍മയ’യിലെ അന്ത്യകര്‍മങ്ങള്‍ക്കുശേഷമാണ്  മൃതദേഹം ശാന്തി കവാടത്തില്‍ എത്തിച്ചത്.
ബാലഭാസ്‌കറിന്റെ പ്രിയപ്പെട്ട വയലിന്‍ സുഹൃത്തുക്കള്‍ ആ ശരീരത്തോടു ചേര്‍ത്തുവച്ചിരുന്നു.ഉറ്റസുഹൃത്തും നിരവധി സംഗീതപരിപാടികളില്‍ ഒരുമിച്ചവരുമായ സ്റ്റീഫന്‍ ദേവസ്സി,ശിവമണി എന്നിവരടക്കം പ്രമുഖര്‍ ശാന്തി കവാടത്തിലെത്തിയിരുന്നു.പലരും സങ്കടം താങ്ങാനാവാതെ പൊട്ടിക്കരയുന്നുണ്ടായിരുന്നു.വന്‍ ജനാവലി ശാന്തി കവാടത്തിലും എത്തിയെങ്കിലും തിരക്കേറിയതിനാല്‍ പലര്‍ക്കും ബാലഭാസ്‌കറിനെ കാണാനായില്ല.