കൊച്ചി:റോഡപകടങ്ങളില്‍ ദിനംപ്രതിയെന്നോണം ജീവനുകള്‍ പൊലിയുമ്പോള്‍ അഞ്ചു വയസ്സുകാരിയായ മകളെക്കൊണ്ട് കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടര്‍ ഓടിപ്പിച്ചിരിക്കുകയാണ് വിവേകമില്ലാത്ത ഒരു പിതാവ്.കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പിതാവ് ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കി.
പള്ളുരുത്തി സ്വദേശിയായ ഷിബുവും കുടുംബവും ഇടപ്പളളി ലുലുമാളിന് മുന്നിലെ തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് മുന്‍പില്‍ ഇരിക്കുന്ന അഞ്ചുവയസുകാരിയായ മകള്‍ സ്‌കൂട്ടര്‍ നിയന്ത്രിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.അച്ഛനും അമ്മയും അച്ഛന്റെ മടിയില്‍ ഒരു പിഞ്ചുകുഞ്ഞും.ഇവരെ ഇരുത്തിക്കൊണ്ടാണ് കൊച്ചുപെണ്‍കുട്ടി ആക്ടീവ സ്‌കൂട്ടര്‍ ഓടിക്കുന്നത്.കുട്ടിയുടെ അമ്മയും വളരെ ലാഘവത്തോടെയിരിക്കുന്നതും കാണാം.ഇവരുടെ തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുകയും ഷിബുവിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കുകയുമായിരുന്നു.എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ഷിബു ഫ്രാന്‍സിസിന്റെ വാദം.