കോഴിക്കോട്:ഇടതുമുന്നണിക്കെതിരെ രാഹുല്‍ ഗാന്ധി ഒന്നും പറയില്ലെങ്കിലും കേരളനേതാക്കള്‍ പറയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പശ്ചിമബംഗാളിലും ത്രിപുരയിലും പൂര്‍ണമായി അസ്തമിച്ച് ഇപ്പോള്‍ കേരളത്തില്‍ മാത്രമുള്ള പാര്‍ട്ടിക്ക് മറുപടി പറയാന്‍ രാഹുല്‍ വേണ്ട.പിണറായി വിജയനുള്ള മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
മതേതര സഖ്യത്തിന് തുരങ്കം വെച്ചത് സിപിഎമ്മാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ ഇടത് പക്ഷമാണെന്നും തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തെ ജനങ്ങള്‍ നിലംപരിശാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ വയനാട്ടില്‍ നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിയത്. വയനാട്ടില്‍ എതിരാളിയായ സിപിഐ,സിപിഎം എന്നിവര്‍ തനിക്കെതിരെ എന്ത് ആക്രമണം നടത്തിയാലും തിരിച്ച് ഒരു വാക്കുപോലും മിണ്ടില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രുവാവുമ്പോഴും ദേശീയ തലത്തില്‍ ബിജെപിക്കെതിരായുള്ള മുന്നണിയായാണ് കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ക്കുന്നത്.