തിരുവനന്തപുരം: നാലു പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് (ബി) ബാലകൃഷ്ണപിള്ള,എം പി വിരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍,എന്നീ ഘടകകക്ഷികളാണ് ഇടതുമുന്നണിയിലേക്കെത്തിയത്. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
പാര്‍ട്ടി രൂപംകൊണ്ട കാലം മുതല്‍ ഇടതു മുന്നണിക്കൊപ്പം നിന്നെങ്കിലും ഐ.എന്‍.എല്ലിന്റെ സ്ഥാനം മുന്നണിക്ക് പുറത്തായിരുന്നു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച ജെഡിയു പിന്നീട് യുഡിഎഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.