തിരുവനന്തപുരം: ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാന്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നു. ആര്.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് അവകാശപ്പെടുന്ന ഇടതുമുന്നണിയും സര്‍ക്കാരുമാണ് ജനസംഘം നേതാവിന്റെ ജന്മശതാബ്ദിക്ക് കളമൊരുക്കുന്നത്.
ജന്മശതാബ്ദിയുടെ ഭാഗമായി യു.പി-ഹൈസ്കൂള്‍ തലങ്ങളില്‍ വിപുലമായ ആഘോഷം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലറും ഇറക്കി. ഇതിനായി പ്രധാന അധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും ദീന്‍ദയാലിന്റെ ജീവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.
ദീന് ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളുകളില്‍ ആഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ കത്തുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്കും ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണ് ഡി.പി.ഐയുടെ സര്‍ക്കുലര്‍. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സ്കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കാനാണ് സര്‍ക്കുലറില്‍ പറയുന്നത്.
കേന്ദ്ര മാനവശേഷി വിഭവ മന്ത്രാലയം മത്സരങ്ങള്‍ ഏത് രീതിയില്‍ നടത്തണമെന്ന് കാണിച്ചുള്ള മാര്‍ഗ നിര്‍ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. ദേശീയ നേതാക്കളെ അനുകരിക്കുന്ന പ്രച്ഛന്ന വേഷ മത്സരം, ദീന് ദയാല്‍ ഉപാധ്യായയെ കുറിച്ചുള്ള കവിതാ രചന തുടങ്ങിയ മത്സരങ്ങളാണ് യു.പി സ്കൂളുകളിലെ കുട്ടികള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈസ്കൂള്‍ തലത്തില്‍ കേന്ദ്ര പദ്ധതികളായ ദീന് ദയാല്‍ കൗശല്യ യോജന, ദീന് ദയാല്‍ ഗ്രാമ ജ്യോതിയോജന, ദീന് ദയാല്‍ അന്ത്യോദയ യോജന എന്നിവയെ കുറിച്ച് പ്രബന്ധ രചന മത്സരം നടത്തണം. ഇത് സ്കൂള്‍ അസംബ്ലിയില്‍ വായിക്കുകയും വേണമെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.