ഇടുക്കി:ഇടുക്കി പൂപ്പാറ നടുപ്പാറ എസ്റ്റേറ്റ് ഉടമയേയും ജീവനക്കാരനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ബോബിന്‍ പിടിയിലായി.തമിഴ്‌നാട്ടിലെ മധുരൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പ്രതിയെ മധുരയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.ഇയാളെ നാളെ എസ്‌റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
ഞായറാഴ്ചയാണ് നടുപ്പാറ കെ.കെ എസ്റ്റേറ്റ് ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനേയും ജീവനക്കാരനായ മുത്തയ്യയേയും എസ്റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ കത്തികൊണ്ടു കുത്തേറ്റുമാണ് മരിച്ചത്.സംഭവശേഷം ബോബിന്‍ ഒളിവില്‍ പോയിരുന്നു.
ബോബിനെ ഒളിവില്‍ കഴിയാനും എസ്റ്റേറ്റില്‍ നിന്നും മോഷ്ടിച്ച ഏലം വില്‍ക്കാനും സഹായിച്ച ചേറ്റുപാറ സ്വാദേശികളായ ദമ്പതികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതിനെത്തുടര്‍ന്നാണ് ബോബിന്റെ ഒളി സങ്കേതത്തെക്കുറിച്ച് സൂചന പോലീസിന് ലഭിച്ചത്.ബോബിനായി പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഒറ്റപ്പെട്ട പ്രദേശത്തെ എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകം പുറംലോകമറിഞ്ഞത് രണ്ടു ദിവസത്തിനുശേഷമാണ്.മുത്തയ്യ രണ്ട് ദിവസമായി വീട്ടിലെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മൃതദേഹങ്ങള്‍ കണ്ടത്. മുത്തയ്യയുടെ മൃതദേഹം എലക്കാ സ്റ്റോറിലും ജേക്കബ് വര്‍ഗീസിന്റെ മൃതദേഹം സമീപത്തെ ഏലക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.