തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ട് സരിതയുടെ മാത്രം മൊഴിയുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ദിരാഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതോ സരിതാ കമ്മിഷന്‍ റിപ്പോര്‍ട്ടോ എന്നും അദ്ദേഹം ചോദിച്ചു. വിചാരണവേളകളിലോന്നും ഉന്നയിക്കാത്ത അഴിമതി ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പിന് പോലും അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റിപ്പേര്‍ട്ട് പുറത്തു വന്നിട്ടും മാധ്യമങ്ങളോട് പോലും മറച്ചു വച്ചത് ഇന്ത്യയില്‍ അസാധാരണമാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള സര്‍ക്കാര്‍ നടപടികള്‍ സുതാര്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുരംഗം വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.