ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 400 ആയി.അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മൃതദേഹങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതാണ് മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന ആശങ്കക്ക് കാരണം.
സുലാവേസിയിലെ പലു,ഡങ്കല എന്നീ നഗരങ്ങളില്‍ അഞ്ചടി ഉയരത്തിലാണ് സുനാമി വീശിയടിച്ചത്.റോഡുകളെല്ലാം തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍ മുഖേനയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 85 കിലോമീറ്റര്‍ പരിധിയില്‍ മൂന്നരലക്ഷം പേര്‍ താമസിക്കുന്നുണ്ട്.അതിനാല്‍,നാശനഷ്ടം വളരെ കൂടുതലായിരിക്കുമെന്നാണ് പ്രഥമ കണക്കുകൂട്ടല്‍.പലുവില്‍ ബീച്ച് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടവരിലേറെയും.
വെള്ളിയാഴ്ച രാവിലെ റിക്ടര്‍സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുലാവേസിയില്‍ ആദ്യമുണ്ടായത്.തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി.