ന്യൂ ഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) പ്രസിഡന്റ് സ്ഥാനത്ത് നിന്നും പ്രഫുല്‍ പട്ടേലിനെ ഡല്‍ഹി ഹൈക്കോടതി മാറ്റി. പകരം മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്ക് എ.ഐ.എഫ്.എഫിന്റെ താത്ക്കാലിക ചുമതല നല്‍കിയ കോടതി അഞ്ചു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്താനും ഉത്തരവിട്ടു.
എ.ഐ.എഫ്.എഫ് പ്രസിഡന്റായി പ്രഫുല്‍ പട്ടേലിന്റെ തിരഞ്ഞെടുപ്പ് നാഷണല്‍ സ്പോര്‍ട്സ് കോഡിന് അനുസരിച്ചല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. വക്കീലും സ്പോര്‍ട്സ് ആക്ടിവിസ്റ്റുമായ രാഹുല്‍ മെഹ്റ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് രവിന്ദ്ര ബട്ടും ജസ്റ്റിസ് നജ്മി വാസിറിയുമടങ്ങുന്ന ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ എ.ഐ.എഫ്.എഫിന്റെ വാര്‍ഷിക യോഗത്തില്‍ വെച്ച് പ്രഫുല്‍ പട്ടേലിനെ ഐകണ്‌ഠ്യേന പ്രസിഡന്റായി തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്ത് പ്രഫുല്‍ പട്ടേലിന്റെ മൂന്നാം ഊഴമായിരുന്നു അത്. കേന്ദ്ര മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ 2008ല്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിക്ക് പകരക്കാരാനായി കുറച്ചുനാള്‍ ഇടക്കാല പ്രസിഡന്റായിരുന്നു. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഹൃദ്രോഗബാധിതനായതിനെ തുടര്‍ന്നായിരുന്നു അത്. 2009ലാണ് മുഴുവന്‍സമയ പ്രസിഡന്റായത്. 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ 2017 മുതല്‍ 2020 വരെയായിരുന്നു പ്രഫുലിന്റെ കാലാവധി.
എന്നാല്‍ ഹൈക്കോടതി വിധിയെക്കുറിച്ച് ഇതുവരെ എ.ഐ.എഫ്.എഫ് പ്രതികരിച്ചിട്ടില്ല. ഫുട്ബോള്‍ ഫെഡറേഷന്റെ തിരഞ്ഞെടുപ്പില്‍ എ.ഐ.എഫ്.എഫ് കൃത്രിമം നടത്തിയിട്ടുണ്ടെങ്കില്‍ ഫിഫയുടെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.