ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ വിരമിച്ച സൈനികര്‍ രംഗത്ത്.വിരമിച്ച കര-വ്യോമ-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 156 പേര്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതി രാനാംഥ് കോവിന്ദിനു നല്‍കി. റിട്ട.ആര്‍മി ചീഫ് ജനറല്‍മാരായ എസ് എഫ് റോഡിഗ്രസ്,ശങ്കര്‍ റോയ് ചൗധരി, ദീപക് കപൂര്‍ തുടങ്ങിയവര്‍ എട്ടോളം മുന്‍ സൈനികത്തലവന്‍മാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സൈനിക നേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങളായി പ്രചരിപ്പിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമാണെന്ന് കത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സൈനികരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെ പ്രമുഖനേതാക്കള്‍ സൈന്യത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് വേണ്ടി വോട്ടുചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമീഷന്‍ വിലയിരുത്തിയിരുന്നു.
‘മോദിയുടെ സേന’ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ പിടിയിലായശേഷം തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം പ്രചാരണ പോസറ്ററുകളില്‍ ഉപയോഗിക്കുന്നതിനെതിരെയും കത്തില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കുന്നതിനെതിരെയും കത്തില്‍ പ്രതിഷേധമുണ്ട്.