കൊല്‍ക്കത്ത : ക്യാപ്റ്റന്‍ കോഹ്ലിയുടെ മികവില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 35 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ രോഹിത് ശര്‍മ (ഏഴ്), അജങ്ക്യ രഹാനെ (55), മനീഷ് പാണ്ഡെ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

60 പന്തില്‍ അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് കോഹ്ലി അര്‍ധശതകം തികച്ചത്. 62 പന്തില്‍ ആറു ഫോറുകളുടെ ഉള്‍പ്പെടെ രഹാനെയും അര്‍ധസെഞ്ചുറിയിലെത്തി. ചെന്നൈയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ഇന്ത്യക്കു മികച്ച വിജയങ്ങള്‍ ഏറെ സമ്മാനിച്ചിട്ടുള്ള ഭാഗ്യ ഗ്രൗണ്ടാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്. ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കുറിച്ച 404 ആണ് ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇവിടെ നടന്നിട്ടുള്ള ഏറ്റവും വലിയ റണ്‍ ചേസും ഇന്ത്യയുടെ പേരിലാണ്. ശ്രീലങ്കയ്ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 317 റണ്‍സ്.