ഗാന്ധിനഗര്‍:ഗുജറാത്തില്‍ മോദിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം.58 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയിലാണ് പ്രിയങ്ക മോദി ഭരണത്തിന്റെ വീഴ്ചകള്‍ തുറന്നുകാട്ടിയത്.ഇന്ത്യയില്‍ ഇപ്പോള്‍ വിദ്വേഷത്തിന്റെ സാഹചര്യമാണെന്നും വിദ്വേഷത്തിന്റെ അന്തരീക്ഷം സ്നേഹം കൊണ്ട് കഴുകിക്കളയുമെന്നും പ്രിയങ്ക പറഞ്ഞു.ബിജെപിക്കാര്‍ വാഗ്ദ്ധാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നും ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുതരുമെന്ന് മോഡി പറഞ്ഞ 15 ലക്ഷം രൂപ എന്തായെന്നും രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്നും പ്രിയങ്ക ചോദിച്ചു.
എല്ലാ പ്രശ്നങ്ങളെയും ദേശസ്നേഹത്തിന്റെ പേരില്‍ മോദി അവഗണിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. അറിവിനേക്കാള്‍ വലിയ ദേശസ്നേഹമില്ല. തൊഴിലില്ലായ്മയും കാര്‍ഷിക പ്രശ്നങ്ങളുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.