റിസർവ് ബാങ്കിന്റെ (ആർബിഐ) പടിയിറങ്ങി രഘുറാം രാജൻ ഷിക്കാഗോ സർവകലാശാലയിൽ തിരികെയെത്തിയതിൽ ഏറെ സന്തോഷിച്ച ഒരാളുണ്ട്. ഇത്തവണ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം സ്വന്തമാക്കിയ സാക്ഷാൽ റിച്ചാർഡ് എച്ച്.തേലർ.

ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ സഹപ്രവർത്തകനായ രാജന്റെ മടങ്ങിവരവിൽ സന്തോഷിച്ചു തേലർ ട്വീറ്റ് ചെയ്തിരുന്നു: ‘ഇന്ത്യയുടെ നഷ്ടം, ഞങ്ങളുടെ നേട്ടം.’ ഒരു കൊല്ലം മുൻപത്തെ ആ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുകയാണ് ‘രാജൻ ഫാൻസ്.’

ആർബിഐ ഗവർണർ സ്ഥാനത്ത് ഒരു ടേം കൂടി തുടരാൻ രഘുറാം രാജനെ‌ ക്ഷണിക്കാത്ത കേന്ദ്ര സർക്കാരിനെ ‘ട്രോളാനും’ ഇവർ മടിക്കുന്നില്ല. ലോകം അംഗീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനെ മാതൃരാജ്യം അവഗണിച്ചെന്നാണ് ആരോപണം. റിസർവ് ബാങ്കിൽ മൂന്നുവർഷ കാലാവധി (2013–16) പൂർത്തിയാക്കി രഘുറാം രാജൻ, തട്ടകമായ ഷിക്കാഗോ സർവകലാശാലയിലേക്കു മടങ്ങുകയായിരുന്നു.