തിരുവനന്തപുരം: ജനനന്മ മുന്‍നിര്‍ത്തി സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നു എസ്. വരദരാജന്‍ നായരെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.പി.സി.സി മുന്‍ പ്രസിഡന്റും മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന എസ്. വരദരാജന്‍ നായരുടെ 28ാം ചരമദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ദിവാന്‍ കുടുംബത്തില്‍ ജനിച്ചിട്ടും രാജവാഴ്ചക്കെതിരേയും സര്‍ സി.പിയുടെ ദുഷ്ഭരണത്തിനുമെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളികളെ ചൂക്ഷണം ചെയ്യുന്ന നടപടികള്‍ക്കുമെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ പരിഷ്‌കാരങ്ങള്‍ അതിന് ഉദാഹരണമാണ്. ഉച്ചക്കഞ്ഞി പദ്ധതിയും പെന്‍ഷനേഴ്‌സിന് ഡി.എ അനുവദിച്ചതും അവയില്‍ ചിലതുമാത്രമെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. പുതുതലമുറയ്ക്ക് അനുകരണീയ മാതൃകയാണ് എസ്. വരദരാജന്‍ നായരുടെ ജീവിതമെന്നും ഹസന്‍ പറഞ്ഞു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, പി.കെ. വേണുഗോപാല്‍, കമ്പറ നാരായണന്‍, കോട്ടാത്തല മോഹനന്‍, ശ്രീകണ്ഠന്‍, വി.സി. കബീര്‍, കെ.എസ്. സുജ, കടകംപള്ളി ഹരിദാസ്, നാരായണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.