പത്തനംതിട്ട:മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അര്‍ധരാത്രിമുതല്‍ ശബരിമലയില്‍ ജില്ലാ കലക്ടര്‍ നിരോനാജ്ഞ പുറപ്പെടുവിച്ചു.നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുന്നത്.
സ്ത്രീപ്രവേശന വിധി വന്നശേഷം രണ്ടുതവണ ശബരിമല നടതുറന്നപ്പോഴും വലിയ പ്രതിഷേധമുണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ശബരിമലയില്‍ ക്രമസമാധാന നില വഷളാകാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.പ്രതിഷേധക്കാര്‍ സംഘങ്ങളായെത്തുമെന്നും കാനനപാതവഴി നടന്നാവും കൂടുതല്‍ പേര്‍ എത്തുകയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ശബരിമല നട അടച്ചശേഷം സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.നിലയ്ക്കലില്‍ പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതിയുള്ളത്.ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പൊലീസ് സജ്ജമായതായി ഡി.ജി.പി പറഞ്ഞു.ഇതുവരെ 700 ഓളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.