തിരുവനന്തപുരം:കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് പിതൃക്ക് മോക്ഷത്തിനായി പതിനായിരങ്ങള്‍ ഇന്ന് വിവിധ സ്‌നാനഘട്ടങ്ങളിലായി ബലിതര്‍പ്പണം നടത്തുന്നു.പുലര്‍ച്ചെ 4 മുതല്‍ തന്നെ പലയിടങ്ങളിലും ചടങ്ങുകള്‍ ആരംഭിച്ചു.ഇന്നലെ വൈകിട്ട് മുതല്‍ പലയിടങ്ങളിലും ആളുകള്‍ എത്തിയിരുന്നു.എങ്കിലും പ്രളയക്കെടുതിയുടെ ജാഗ്രതാനിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ തിരക്ക് കുറവാണ്.കനത്ത മഴയില്‍ ആലുവ മണപ്പുറവും ശിവക്ഷേത്രവും വെള്ളത്തിനടിയിലായതിനാല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ മണപ്പുറത്തേക്കുള്ള റോഡിലാണ് നടത്തുന്നത്.പുലര്‍ച്ചെ മൂന്നരയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി.
വാവുബലിക്ക് തീര്‍ഥകേന്ദ്രങ്ങളില്‍ സുരക്ഷ പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ബോര്‍ഡും കളക്ടര്‍മാരും അഗ്നിരക്ഷാസേനയും ചേര്‍ന്നു നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു മാത്രമേ ബലിയിടാന്‍ അനുവദിക്കുകയുള്ളു.അതതു സ്ഥലത്ത് സുരക്ഷാജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണം.
തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം കടപ്പുറം,ശംഖുമുഖം തിരുവല്ലം പരശുരാമസ്വാമിക്ഷേത്രം,അരുവിപ്പുറം ശിവക്ഷേത്രം,മാറനല്ലൂര്‍ അരുവിക്കര ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കുന്നത്.
കടലേറ്റത്തില്‍ തീരം നഷ്ടപ്പെട്ട ശംഖുംമുഖത്ത് ഇക്കുറി കുറച്ചുപേര്‍ക്ക് മാത്രമേ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കുകയുള്ളൂ. ബലിക്കുശേഷം കടലില്‍ ഇറങ്ങാനും അനുവദിക്കില്ല. ശംഖുംമുഖത്ത് പതിവായി ബലിയിടുന്നവര്‍ ഇക്കുറി മറ്റിടങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വര്‍ക്കല ശിവഗിരി, ആറ്റിങ്ങല്‍ പൂവമ്പാറ ക്ഷേത്രം,കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടക്കുന്നുണ്ട്.
മറ്റു ജില്ലകളിലും കനത്ത സുരക്ഷയോടെയാണ് ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കുന്നത്.നദികളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.