ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഫോണ്‍വിളി പ്രോത്സാഹിപ്പിക്കുന്ന പുതിയ നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). സാധാരണ ലാന്‍ഡ് ലൈന്‍ ഫോണ്‍ വിളികളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കും കൃത്യമായ പ്രവര്‍ത്തന രീതി നിശ്ചയിക്കണമെന്നും അതുവഴി ലാഭം കണ്ടെത്താന്‍ കഴിയണമെന്നതുമാണ് ട്രായ് മുന്നോട്ട വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം.

ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിച്ച് മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഫോണ്‍വിളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് ട്രായുടെ പുതിയ തീരുമാനം പുറത്തു വന്നത്.

എന്നാല്‍ വാട്‌സ്ആപ്പ്, വൈബര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാവില്ല. മൊബൈല്‍ സിഗ്‌നല്‍ ഇല്ലാത്തയിടങ്ങളിലും അവിടെ ലഭ്യമായ ഇന്റര്‍നെറ്റ് വൈഫൈ സേവനങ്ങള്‍ ഉപയോഗിച്ച് ഫോണ്‍വിളിക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്കാണ് ട്രായിയുടെ പുതിയ നീക്കം.

ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കായുള്ള ഈ നിര്‍ദ്ദേശങ്ങള്‍ ട്രായ് ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിച്ചു. എന്നാല്‍, ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ടെലികോം കമ്പനികള്‍.