ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ പേടിഎം പുതിയ ആപ്പുമായി രംഗത്ത. ഇത്തവണ ഇന്‍ബോക്‌സ് എന്ന വാട്‌സ്ആപ്പിന് സമാനമായ മെസേജിംങ് ആപ്പുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്.

നൂതനമായ എല്ലാ സൗകര്യങ്ങളും കൂട്ടിച്ചേര്‍ത്താണ് പെടിഎം ഇന്‍ബോക്‌സ് അവതരിപ്പിക്കുന്നത്. വാട്‌സ് ആപ്പ് അടുത്തിടെ ഏര്‍പ്പെടുത്തിയ അയച്ച സന്ദേശം തിരിച്ചെടുക്കാനും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും പേടിഎം വാലറ്റ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താനും പുതിയ ആപ്പില്‍ കഴിയും.

വീഡിയോ ഷെയറിങ്, ലൈവ് ലൊക്കേഷന്‍, മെസേജ് റീകോള്‍ തുടങ്ങിയ സൗകര്യവും ഇതിലുണ്ട്. കൂടാതെ വാട്‌സ് ആപ്പില്‍ നിന്നും വ്യത്യസ്തമായി ഓഫര്‍ നോട്ടിഫിക്കേഷന്‍, ക്യാഷ് ബാക്ക് നോട്ടിഫിക്കേഷന്‍, ട്രാന്‍സാക്ഷന്‍ സ്റ്റാറ്റസ് എന്നിവയും ഇന്‍ബോക്‌സ് ഉപഭോക്താക്കള്‍ക്ക് വാഗ്ദനം ചെയ്യുന്നുണ്ട്.

വാട്‌സ് ആപ്പ് ഈ വര്‍ഷം പണമിടപാട് സൗകര്യം കൂടി ഉള്‍പ്പെടുത്താനിരിക്കെയാണ് പേടിഎം മെസേജ് ആപ്പുമായി രംഗത്തെത്തിയത്.

ഉപഭോക്താക്കള്‍ക്ക് വെറും പണമിടപാട് എന്നതിനപ്പുറം ആശയ വിനിമയവും സാധ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് പേടിഎമ്മിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് വ്യക്തമാക്കി.

ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഇപ്പോള്‍ ഇന്‍ബോക്‌സ് ആപ്പ് ലഭിക്കുക. ഉടന്‍ തന്നെ മറ്റുള്ളവര്‍ക്കും ലഭ്യമാകുമെന്ന് പെടിഎം അധികൃതര്‍ പറയുന്നു.