തിരുവനന്തപുരം:ഇരുമുട്ടിക്കെട്ട്  വലിച്ചെറിഞ്ഞു പോലീസ് തന്നെ മര്‍ദിച്ചെന്ന് കെ.സുരേന്ദ്രന്റെ ആരോപണം കള്ളമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ ബോധപൂര്‍വ്വം താഴെയിടുന്നതും അത് പോലീസ് ഉദ്യോഗസ്ഥന്‍ താഴെനിന്നും എടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്.ദേവസ്വം മന്ത്രി കടകംമ്പള്ളി സുരേന്ദ്രനാണ് ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സിസിടിസി ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്.പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്.കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നത് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്.സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു.
കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.