ഫ്രഞ്ച് വാഹനനനിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക്ക് കാറുമായി എത്തുന്നു. ഇന്ത്യയിലെ ജനപ്രിയ മോഡലുകളിലൊന്നായ ക്വിഡിന്‍റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കാനാണ് റെനോ തയ്യാറെടുക്കുന്നത്. നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്. മാരുതി ആള്‍ട്ടോയുടെ ശക്തനായ എതിരാളി കൂടിയാണ് ക്വിഡ്. 2030-ഓടെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് റെനോ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ക്വിഡ്.
വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ വില്‍പ്പന നടക്കുന്ന ക്വിഡിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പുതിയ വേരിയന്റുകള്‍ പുറത്തിറക്കാന്‍ റെനോ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ മൂന്ന് മോഡലുകള്‍ ക്വിഡ് നിരയിലേക്ക് എത്തുമെന്ന് റെനോ അധികൃതര്‍ സൂചന നല്‍കിയെങ്കിലും അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.
ക്വിഡിന്റെ അടിസ്ഥാനമാക്കി ഒരു സബ്-ഫോര്‍ മീറ്റര്‍ സെഡാന്‍, സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വി, ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയാണ് പുതുതായി എത്തുകയെന്നാണ് സൂചന. ഇതില്‍ ഇലക്ട്രിക് വേരിയന്റ് ആദ്യമെത്തുക ചൈനീസ് വിപണിയിലേക്കായിരിക്കും. തുടര്‍ന്ന് ഇന്ത്യയിലേക്കും വിരുന്നിനെത്തും. എന്നാല്‍ കാറിന്‍റെ ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.