ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊല്ലുന്നുവെന്ന പരാതിയുമായി പ്രദേശവാസികളും മൃഗസ്നേഹികളും. ഇവാന്‍കയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹൈദരാബാദ് നഗരം മുഴുവന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് തെരുവുനായ്ക്കളെയും കൊന്നുതള്ളുന്നത്.
ബന്‍ജാരാഹില്‍സ്, ജൂബിലി ഹില്‍സ് എന്നിവിടങ്ങളില്‍ നിന്നും ഒരു ദിവസം കൊണ്ടാണ് നായ്ക്കളെ മുഴുവന്‍ കാണാതായതെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ഇവിടെ നിന്നെല്ലാം നായ്ക്കളെ ഹൈദരാബാദ് നഗരസഭയിലേക്ക് പിടിച്ചുകൊണ്ടുപോയി അവിടെവെച്ച് വിഷം നല്‍കി കൊലപ്പെടുത്തുകയാണെന്ന് പ്രദേശവാസികളും ആരോപിച്ചു.
ഈ മാസം ഹൈദരാബാദില്‍ നടക്കാന്‍ പോകുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയുടെ ഭാഗമായി നഗരം ശുചീകരിക്കുന്നതിനാണ് നായ്ക്കളെ പിടിച്ചുകൊണ്ടുപോയി ക്രൂരത കാണിക്കുന്നതെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറഞ്ഞു. വിഷം നല്‍കിയ നായ്ക്കള്‍ പലതും ചത്തുവെന്നും ബാക്കിയുള്ളവ ഗുരുതരമായ നിലയിലാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.