ആറ്റിങ്ങല്‍:വര്‍ഗീയത ആളിക്കത്തിക്കുന്ന പരാമര്‍ശങ്ങളുമായി ബിജെപി കേന്ദ്രനേതൃത്വം വോട്ടു പിടിക്കാനിറങ്ങി വിവാദത്തിലായിരിക്കെ അതിരൂക്ഷമായ പരാമര്‍ശങ്ങളുമായി പി എസ് ശ്രീധരന്‍ പിള്ളയും. ആറ്റിങ്ങലിലെ സ്ഥനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ മര്യാദകള്‍ ലംഘിച്ചുള്ള വര്‍ഗീയ പരാമര്‍ശം. ബലാക്കോട്ടില്‍ ഇന്ത്യ
നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് വിവാദ പരാമര്‍ശം.
‘ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണമല്ലോ, ഡ്രസെല്ലാം മാറ്റി നോക്കണമല്ലോ അങ്ങനൊക്കെ ചെയ്തിട്ട് വരണമെന്നാണ് ഇവര്‍ പറയുന്നത്’ എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ സംശയങ്ങളാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണത്തിനു പ്രേരണയായത്.

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ഏത് മതക്കാരാണെന്ന് അറിയണമെങ്കില്‍ ഡ്രസ് എല്ലാം മാറ്റി നോക്കണമല്ലോ’- പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.മുസ്ലിം സമുദായത്തിലെ ചേലാകര്‍മ്മത്തെയാണ് ശ്രീധരന്‍പിള്ള ഉദ്ദേശിച്ചതെന്നു വ്യക്തം.
അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കരുതെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തെ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചിരുന്നു.