മാലിന്യ സംസ്ക്കരണത്തിൽ ഇൻഡോർ അനുകരണീയ മാതൃകയെന്ന് ഹൈബി ഈഡൻ എം.പി. പാർലമെന്റിന്റെ അർബൻ ഡവലപ്മെന്റ് കമ്മിറ്റിയുടെ 5 ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഇൻഡോറിൽ എത്തിയതായിരുന്നു അദ്ദേഹം. ഇൻഡോറിനെ കൂടാതെ മുംബൈ, ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലാണ് കമ്മിറ്റി സന്ദർശനം നടത്തുന്നത്.
അമ്പരപ്പിക്കുന്ന കാഴ്ച്ചകളാണ് ഇൻഡോർ നഗരത്തിൽ കാണാൻ സാധിച്ചതെന്ന് എം.പി പറഞ്ഞു. അവിടുത്തെ മോഡൽ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ സോളാർ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഡ്രൈ വേസ്റ്റും സോളിഡ് വേസ്റ്റും വ്യത്യസ്തമായി നിക്ഷേപിക്കാൻ സാധിക്കുന്ന ഈ വേസ്റ്റ് ബിന്നുകൾ നിറയുമ്പോൾ മുൻസിപ്പാലിറ്റിക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയും തത്ക്ഷണം മാലിന്യം എടുത്ത് കൊണ്ട് പോകുന്ന സാഹചര്യമാണുള്ളത്. ആയിരക്കണക്കിന് കരാർ തൊഴിലാളികളെ വച്ച് വീടുകളിൽ നിന്ന് തരം തിരിച്ച മാലിന്യം ഇവർ സമാഹരിച്ച് ടർക്കിഷ് ടെക്നോളജിയുടെ അടിസ്ഥാനത്തിലുള്ള പ്ളാന്റിൽ ഇത് സി എൻ ജി ആയി കൺവെർട്ട് ചെയ്യും. ഏകദേശം 300 ടൺ മാലിന്യമാണ് ഒരു ദിവസം സമാഹരിക്കുന്നത്. ഇൻഡോറിലെ ബസുകൾക്കുള്ള സി എൻ ജി ഇന്ധനം വേസ്റ്റിൽ നിന്നാണ് രൂപപ്പെടുത്തുന്നത്. മാലിന്യത്തിൽ നിന്ന് പണമുണ്ടാകുന്ന മികച്ച രീതിയാണ് ഇൻഡോറിലെതെന്ന് ഹൈബി ഈഡൻ പറഞ്ഞു.
മാലിന്യ പ്ളാന്റിൽ നൂറു കണക്കിന് സ്ത്രീ തൊഴിലാളികൾ ഈ മാലിന്യങ്ങളെ 15 തരമായി തിരിക്കും. ഡയപ്പർ, ചെരുപ്പ്, മെറ്റൽ എന്നിവയെല്ലാം തരം തിരിച്ച് അത് കൊണ്ട് കസേര, റൈറ്റിംഗ് പാഡ് മുതലായവ നിർമ്മിക്കും. 80 ഏക്കറുള്ള അവരുടെ ടിഞ്ചിംഗ് ഗ്രൗണ്ടിൽ 60000 മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൊച്ചി പോലുള്ള നഗരത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന മികച്ച മാത്രകയാണ് ഇൻഡോറിലേതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ മുംബൈയിൽ അടിപാതയിലൂടെ നിർമ്മിക്കുന്ന മെട്രോ റയിലിന്റെ ടണൽ സന്ദർശിച്ചു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ആവാസ് യോജന, അമൃത്, സ്മാർട്ട് സിറ്റി പദ്ധതികളുമായി ബന്ധപ്പെടുന്ന ബാങ്കുകളുടെ ഉദ്യോഗസ്ഥരുമായും അർബൻ ഡവലപ് മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചർച്ച നടത്തിയതായി ഹൈബി ഈഡൻ എം.പി പറഞ്ഞു.