തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് സൂചന.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായില്ല.ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.അതുകൊണ്ട് തന്നെ അദ്ദേഹത്തിനു മന്ത്രിസ്ഥാനം നല്‍കുന്നതില്‍ മറ്റു തടസ്സങ്ങളില്ല.
വെള്ളിയാഴ്ച സി.പി.എം അടിയന്തര സംസ്ഥാന സമിതി യോഗവും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും.തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്.വിഷയം എല്‍ഡിഎഫിലും അവതരിപ്പിക്കേണ്ടതുണ്ട്.ജയരാജന്‍ പുറത്തുപോയപ്പോഴാണ് എംഎംമണി മന്ത്രിയായത്.ഇപിയെ മന്ത്രിയാക്കുമ്പോള്‍ മറ്റാരെങ്കിലും മന്ത്രി സഭയില്‍ നിന്നും പുറത്തുപോകുമോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു.
കുറ്റ വിമുക്തനായ ജയരാജനെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്‍പും നടന്നെങ്കിലും സിപിഐ എതിര്‍ത്തതിനെത്തുടര്‍ന്ന് തീരുമാനമാവാതിരിക്കുകയായിരുന്നു.ഈമാസം 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും.ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് കരുതുന്നു.