ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട അതിക്രമത്തിനിടെ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു.കോണ്‍സ്റ്റബിളായ സുരേഷ് വല്‍സാണ് മരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്ക് ശേഷം ഗാസിപുരില്‍ നടന്ന സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിന്റെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വല്‍സ് കൊല്ലപ്പെട്ടത്.
സംവരണം ആവശ്യപ്പെട്ട് ഒരു വിഭാഗം ദേശീയപാത ഉപരോധിച്ചപ്പോള്‍ ഇവരെ സ്ഥലത്തുനിന്നും മാറ്റാനാണ് പോലീസ് എത്തിയത്. എന്നാല്‍ പ്രതിഷേധക്കാര്‍ പോലീസിനുനേരെ കല്ലെറിയുകയായിരുന്നു. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
ബുലന്ദ് ഷഹറില്‍ ഗോഹത്യയുടെ പേരില്‍ നടന്ന കലാപത്തിനിടെ പോലീസ് ഓഫീസര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ടിട്ട് അധികനാളാവും മുന്‍പാണ് ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെടുന്നത്.