അഞ്ചു മണ്ഡലങ്ങളിലും എൽ ഡി എഫ് യു ഡി എഫ് നേർക്കുനേർ പോരാട്ടമാണ് എന്നാൽ മഞ്ചേശ്വരത്തും  കോന്നിയിലും വട്ടിയൂർക്കാവിലും ശക്തമായ ബി ജെ പി സാന്നിധ്യവുമുണ്ട് .മികച്ച സംഘടനാ സംവിധാനമുള്ള സി പി എമ്മിന് ഉപതെരഞ്ഞെടുപ്പുകൾ എന്നത് ഒരു വിഷയമേയല്ല.കൂട്ടത്തിൽ സർക്കാർ സംവിധാനങ്ങൾ  കൂടിയാകുമ്പോൾ പ്രചാരണ രംഗത്ത് എൽ ഡി എഫിന് മേൽക്കൈ കൊടുക്കുന്നു .ഇക്കുറി  പാലാ ഉപതിരഞ്ഞെടുപ്പ് നൽകുന്ന ആത്മവിശ്വാസവുമായാണ് ഇടതുപക്ഷം പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത് .എൽ ഡി എഫിന്റെ പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൽ അരൂർ ഒഴിച്ച് ബാക്കിയെല്ലാം യു ഡി എഫ് സീറ്റുകളാണ്. അതിനാൽ തന്നെ യു ഡി എഫിന് അവരുടെ സിറ്റിംഗ് സീറ്റുകളൊക്കെ നിലനിർത്തിയെ തീരൂ എന്നതാണ് അവസ്ഥ.അരൂർ സീറ്റിൽ ഷാനിമോൾ ഉസ്മാൻ എന്ന കോൺഗ്രസ് സ്ഥാനാർഥിക്കു  അല്പം മുൻ‌തൂക്കം നൽകുന്നത് ജി സുധാകരന്റെ ‘പൂതന’ പരാമർശവും,ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി കമ്മ്യൂണിസ്റ്റുകാരെ ഒറ്റുകൊടുത്ത കുടുംബ പാരമ്പര്യമുള്ള ആളാണ് എന്ന കെ പി സി സി അധ്യക്ഷൻ നടത്തിയ ആരോപണവുമാണ് .  കോന്നിയിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങൾ പറഞ്ഞു തീർത്തു പ്രചാരണത്തിൽ സജീവമാകാൻ കോൺഗ്രസിനായി.ഇടതു അനുകൂല മണ്ഡലമാണ് കോന്നി .എന്നതൊക്കെയാണ് എൽ ഡി എഫിന് കോന്നിയിൽ പ്രതീക്ഷ നൽകുന്നത് .ശബരിമല വിഷയം കത്തിനിൽക്കുന്ന മണ്ഡലങ്ങളാണ് കോന്നിയും മഞ്ചേശ്വരവും. ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരത്ത്. ഉപതെരഞ്ഞെടുപ്പുകളിൽ സ്വാതന്ത്രരെ നിർത്തി വിജയിപ്പിച്ച ചരിത്രം എറണാകുളത്തു എൽ ഡി എഫിനുണ്ട്.  എന്നാൽ ദീർഘകാലമായി കോപ്പറേഷൻ കൗൺസിലർ ഇപ്പോൾ  ഡെപ്യുട്ടി മേയർ എന്ന നിലയിലൊക്കെ പ്രവർത്തിക്കുന്ന ടി ജെ  വിനോദ് സുരക്ഷിതമായി വിജയിച്ചു കയറും എന്നതാണ് കോൺഗ്രസ് പ്രതീക്ഷ . വട്ടിയൂർക്കാവിൽ ദുർബലനായ ബി ജെ പി സ്ഥാനാർത്ഥിയാണ് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നത് .കുറയുന്ന ബി ജെ പി വോട്ടുകൾ എങ്ങോട്ടേക്കെത്തും എന്ന ആശങ്കയിലാണ് ഇരു മുന്നണികളും .എൻ എസ് എസ് പിന്തുണ തീർച്ചയായും യു ഡി എഫിനെ തുണയ്ക്കും .മേയർ പ്രശാന്തിന്റെ  പ്രതിച്ഛായയിൽ വിശ്വാസമർപ്പിച്ചാണ് ഇടതുപക്ഷം നീങ്ങുന്നത് .കോൺഗ്രസിന്റെ കെ മോഹൻകുമാറാകട്ടെ  മണ്ഡലത്തിലുടനീളം വിപുലമായ ബന്ധങ്ങൾ ഉള്ളയാളും വട്ടിയൂർക്കാവിന്റെ പൂർവ്വ രൂപമായ തിരുവനന്തപുരം നോർത്തിന്റെ മുൻ എം എൽ എ ആയിരുന്ന ആളും . അഞ്ചു നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും .വോട്ടെടുപ്പ്  ഇരുപത്തി ഒന്നിനാണ് .തിരഞ്ഞെടുപ്പ് ഫലം ഇരുപത്തിനാലിന് അറിയാം .