തിരുവനന്തപുരം:ഉയരക്കുറവുകൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നടന്‍ ഗിന്നസ് പക്രു മൂന്നാം നേട്ടത്തിലേക്ക്.ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവ് എന്ന ബെസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ ലോക റെക്കോര്‍ഡാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍ നേടിയത്.പുതിയ ചിത്രം ‘ഫാന്‍സി ഡ്രസ്’ ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് അധികൃതര്‍ റെക്കോര്‍ഡ് രേഖ പക്രുവിന് കൈമാറി.76 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും നേരത്തെ ഗിന്നസില്‍ ഇടം പിടിച്ചിരുന്നു.
അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഫാന്‍സി ഡ്രസ്’.രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയ് കുമാറും ചേര്‍ന്നാണ്. ഹ്യൂമര്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിക്കുന്നത്.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പക്രു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.