നിത്യവും ശാന്തമായി ഉറങ്ങുക, കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം.. ഇങ്ങനെയൊക്ക നന്നായി ഉറങ്ങുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഉറക്കം അത്രയ്ക്കു നല്ലതല്ല, പ്രത്യേകിച്ചു മധ്യവയസിലെത്തിയവര്‍ അധികനേരം ഉറങ്ങേണ്ടെന്നാണു പുതിയ പഠനങ്ങള്‍.
ഏറെ നേരം ഉറങ്ങുന്നവര്‍ അവരുടെ മധ്യവയസിലെത്തുന്നതോടെയാണ് ദോഷങ്ങള്‍ തേടിയെത്തുന്നത്. ഓര്‍മക്കുറവ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ അമിത ഉറക്കക്കാര്ക്കു ബാധിക്കുമെന്നും ഒരു ദിവസം ആറു മണിക്കൂറിലേറെ സമയം ഉറങ്ങുന്നവരുടെ തലച്ചോറിനു ക്ഷതം സംഭവിക്കുമെന്നുമാണു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. എട്ടു മണിക്കൂറൊക്കെ ഉറങ്ങുന്ന മധ്യവയസ്ക്കരില്‍ തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഓര്‍മശക്തിയും മെല്ലെ നശിക്കും. അമ്പതിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള പതിനായിരത്തോളം പേരെയാണു പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.
പ്രായപൂര്‍ത്തിയായവര്‍ കുറഞ്ഞതു എട്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഇതുവരെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമാണു പുതിയ പഠനങ്ങള്‍. മധ്യവയസിലെത്തിയവര്‍ ഇത്രയും നേരം ഉറങ്ങരുതെന്നാണു പുതിയ പഠനങ്ങള്‍ പറയുന്നത്. വാര്‍വിക്ക് യൂനിവേഴ്സിറ്റിയാണു പഠനത്തിനു നേതൃത്വം നല്‍കിയത്.
മധ്യവയസില്‍ അമിതമായി ഉറങ്ങുന്നതിലൂടെ ശരീരത്തെയും തലച്ചോറിനെയും ദോഷമായി ബാധിക്കുന്നുണ്ട്. പ്രായം അറുപതു പിന്നിടുന്നതോടു കൂടിയാണ് ഏറെ നേരം ഉറങ്ങുന്നതിന്റെ ദോഷഫലങ്ങള്‍ പ്രത്യക്ഷമായി കണ്ടുവരുന്നതെന്നു പറയുന്നു പഠനത്തില്‍ പങ്കെടുത്ത ഗവേഷകന് ഡോ .മിച്ചല്‍ മില്ലര്‍. ഏറെ നേരം ഉറങ്ങുന്നവര്‍ക്കു പ്രായമാകുന്നതോടെ ഓര്‍ക്കുറവ് പോലുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ട്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിനു ഉറക്കം കൂടിയേ പറ്റൂ. എന്നാല്‍ ഏറെ നേരം ഉറങ്ങുന്നതിലൂടെ ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പ്രൊഫ. ഫ്രാന്‍സെസ്കോ.