തിരുവനന്തപുരം:എന്‍സിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം തുടങ്ങി.പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മാനസിക സമ്മര്‍ദ്ദത്തിലാക്കിയതിനെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്‍ മരിച്ചതെന്ന് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി അംഗം റാണി സാംജി പരാതി നല്‍കിയിരുന്നു.തെളിവായി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ ഫോണ്‍ ശബ്ദരേഖയും അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.പരാതിക്കാരിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.മറ്റ് എന്‍സിപി നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2017 ജൂലൈ ഇരുപത്തിമൂന്നിനായിരുന്നു അസുഖത്തെ തുടര്‍ന്ന് ഉഴവൂര്‍ വിജയന്റെ അന്ത്യം സംഭവിച്ചത്.പരാതിയില്‍ 2017 ആഗസ്റ്റില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഇതേത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികളിലേക്കു കടന്നത്.
എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടി വി ബേബി,എന്‍സിപി യുവജനവിഭാഗം മുന്‍ അധ്യക്ഷന്‍ അഡ്വ.മുജീബ് റഹ്മാന്‍,സതീഷ് കല്ലേക്കുളം തുടങ്ങിയവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.ക്രൈം ബ്രാഞ്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.