തൃശ്ശൂര്‍:തുശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം.ജീവനക്കാര്‍ ടോള്‍ ചോദിച്ചതിനെത്തുടര്‍ന്ന് ടോള്‍ പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ ഒടിച്ചുകളഞ്ഞാണ് എംഎല്‍എ രോഷം പ്രകടിപ്പിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
തൃശ്ശൂരില്‍ നിന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലേക്കുപോവുകയായിരുന്നു എംഎല്‍എ.എന്നാല്‍ അദ്ദേഹം സഞ്ചരിച്ച കാറില്‍ എംഎല്‍എ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നില്ല.ആളെ തിരിച്ചറിയാതിരുന്ന ടോള്‍ പ്ലാസ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു.ഇതില്‍ ക്ഷുഭിതനായ എംഎല്‍എയും കൂട്ടാളികളും കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ സ്‌റ്റോപ് ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു.എംഎല്‍എയ്‌ക്കൊപ്പം മൂന്ന് പേരും കാറിലുണ്ടായിരുന്നു.
എന്നാല്‍ ഇങ്ങനെയൊക്കെ ചെയ്താലെ പൗരാവകാശം സംരക്ഷിക്കാനാവൂയെന്നാണ് പിസിജോര്‍ജ് തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു പറഞ്ഞത്.എംഎല്‍എമാര്‍ ടോള്‍ നല്‍കേണ്ടെന്ന് നിര്‍ദേശമുണ്ട്.എന്നിട്ടും ജീവനക്കാര്‍ തന്നോട് ടോള്‍ ചോദിച്ചു.ഇനിയും ഇങ്ങനെ തന്നെ ചെയ്യുമെന്നും പിസി പറഞ്ഞു.
സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.