തൃശ്ശൂര്‍:എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ആര്‍.എല്‍.ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.നിലവില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറിയായ ജീവന്‍ലാലിനെ തല്‍സ്ഥാനത്തു നിന്നും നീക്കി.
സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലാത്തതിനെത്തുടര്‍ന്ന് കാട്ടൂര്‍ സ്വദേശിയായ വനിതാ നേതാവ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഫേമസ് വര്‍ഗീസിന് ചൊവ്വാഴ്ച രാത്രി പരാതി നല്‍കുകയായിരുന്നു.കാട്ടൂര്‍ പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു.സംഭവം നടന്നത് തിരുവനന്തപുരത്തായതിനാല്‍ കേസ് തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.സംഭവം വാര്‍ത്തയായതോടെയാണ് ജീവന്‍ലാലിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.
കഴിഞ്ഞ ജൂലൈ 11 ന് എം.എല്‍.എ ഹോസ്റ്റലില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം.തിരുവനന്തപുരത്ത് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി എത്തിയപ്പോള്‍ പെണ്‍കുട്ടി കുടുംബ സമേതം താമസിച്ചത് ഇരിങ്ങാലക്കുട എം.എല്‍എയുടെ മുറിയിലായിരുന്നു.ഇവിടെ വെച്ച് കുടുംബ സുഹൃത്തുകൂടിയായ ജീവന്‍ലാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.സംഭവം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
